Month: മാർച്ച് 2021

ചേരിയിലെ ഗാനങ്ങള്‍

തെക്കെ അമേരിക്കയിലെ പരാഗ്വേയിലെ ഒരു ചെറിയ ചേരി. തീര്‍ത്തും ദരിദ്രരായ അതിലെ നിവാസികള്‍ അവിടുത്തെ മാലിന്യക്കൂമ്പാരത്തില്‍നിന്ന് പാഴ്‌വസ്തുക്കള്‍ പെറുക്കിവിറ്റാണ് ജീവിക്കുന്നത്. എന്നാല്‍ ഈ പരിതാപകരമായ അവസ്ഥകളില്‍നിന്ന് മനോഹരമായ ഒന്ന് ഉയര്‍ന്നുവന്നിട്ടുണ്ട് - ഒരു ഓര്‍ക്കസ്ട്ര. 

ഒരു വയലിന് (violin) ഈ ചേരിയിലെ ഒരു വീടിനെക്കാളും അധികം വിലയുള്ളതിനാല്‍, അവര്‍ക്ക് കൂടതല്‍ സര്‍ഗ്ഗാത്മകമായി ചിന്തിക്കേണ്ടിയിരുന്നു - പാഴ്‌വസ്തു ശേഖരമുപയോഗിച്ച് അവര്‍ സ്വന്തം സംഗീതോപകരണങ്ങള്‍ നിര്‍മ്മിച്ചു.  എണ്ണപ്പാട്ടകളും ടെയില്‍പീസായി വളഞ്ഞ ഫോര്‍ക്കുകളും ഉപയോഗിച്ച് വയലിനുകള്‍ നിര്‍മ്മിച്ചു. മാലിന്യപൈപ്പുകളും കീകള്‍ക്കായി കുപ്പിയുടെ മുകള്‍ഭാഗവും ഉപയോഗിച്ച് സാക്‌സോഫോണുകള്‍ നിര്‍മ്മിച്ചു. ന്യോക്കി റോളുകള്‍ ട്യൂണിംഗ് പെഗ്ഗുകളായി ഉപയോഗിച്ചുകൊണ്ട് ടിന്‍ വീപ്പകളുപയോഗിച്ച് ചെല്ലോസ് നിര്‍മ്മിച്ചു. ഈ സൂത്രപ്പണികളില്‍ മൊസാര്‍ട്ട് വായിക്കുന്നതു കേള്‍ക്കുന്നത് മനോഹരമായ ഒരു കാര്യമായിരുന്നു. ഓര്‍ക്കസ്ട്ര, പല രാജ്യങ്ങളിലും പര്യടനം നടത്തി - അത് അതിലെ യുവഅംഗങ്ങളുടെ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തി.

പാഴ്‌വസ്തുക്കളില്‍നിന്നുള്ള വയലിനുകള്‍; ചേരികളില്‍നിന്നുള്ള സംഗീതം. അത് ദൈവം ചെയ്യുന്നതിന്റെ പ്രതീകമാണ്. ദൈവത്തിന്റെ പുതിയ സൃഷ്ടിയെ യെശയ്യാവു ദര്‍ശിക്കുമ്പോള്‍, ദാരിദ്ര്യത്തില്‍നിന്ന് സൗന്ദര്യം ഉടലെടുക്കുന്ന സമാനമായ ഒരു ചിത്രമായിരുന്നു അത് - നിര്‍ജജനപ്രദേശം ഉല്ലസിച്ചു പനിനീര്‍പുഷ്പംപോലെ പൂക്കുന്നു (യെശയ്യാവ് 35:1-2), വരണ്ടനിലം നീരുറവുകളായിത്തീരുന്നു (വാ. 6-7.) വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീര്‍ക്കുന്നു (2:4), ദരിദ്രരായ ആളുകള്‍ സന്തോഷകരമായ ഗാനങ്ങളുടെ ശബ്ദത്തില്‍ പൂര്‍ണ്ണതയുള്ളവരായി മാറുന്നു (35:5-6, 10).

'ലോകം ഞങ്ങള്‍ക്കു ചപ്പുചവറുകള്‍ അയയ്ക്കുന്നു,'' ഓര്‍ക്കസ്ട്ര ഡയറക്ടര്‍ പറയുന്നു. 'ഞങ്ങള്‍ സംഗീതം തിരിച്ചയയ്ക്കുന്നു.'' അവര്‍ അതു ചെയ്യുമ്പോള്‍, ദൈവം എല്ലാ കണ്ണുകളില്‍നിന്നും കണ്ണുനീര്‍ തുടച്ചുകളയുകയും ദാരിദ്ര്യം ഇല്ലാതാവുകയും ചെയ്യുന്ന ഭാവിയുടെ ഒരു ദര്‍ശനം അവര്‍ ലോകത്തിനു നല്‍കുന്നു.

അവിടുത്തെ ശബ്ദം അറിയുക

ആ വര്‍ഷത്തെ അവധിക്കാല ബൈബിള്‍ സ്‌കൂളില്‍, ബൈബിള്‍ കഥകള്‍ വ്യക്തമായി ചിത്രീകരിക്കുന്നതിനായിജീവനുള്ള മൃഗങ്ങളെ കൊണ്ടുവരാന്‍ അതിഥിന്റെ സഭ തീരുമാനിച്ചു. അതിഥ് സഹായിക്കാന്‍ തയ്യാറായപ്പോള്‍ ഒരു ആടിനെ അകത്തേക്കു കൊണ്ടുവരാന്‍ അവനോട് ആവശ്യപ്പെട്ടു. കമ്പിളിരോമമുള്ള മൃഗത്തെ ഒരു കയര്‍ കഴുത്തില്‍ കെട്ടി സഭാ ഹാളിലേക്ക് അവനു വലിച്ചുകൊണ്ടു വരേണ്ടിവന്നു. എന്നാല്‍ ആഴ്ചയുടെ അവസാനമായപ്പോഴേക്കും ആടിന് അവനെ അനുഗമിക്കാനുള്ള വിമുഖത കുറഞ്ഞു. ആഴ്ചാവസാനത്തോടെ, അതിഥിന് കയര്‍ പിടിക്കേണ്ടിവന്നില്ല; അവന്‍ ആടിനെ വിളിച്ചയുടനെ, തനിക്ക് അവനെ വിശ്വസിക്കാമെന്ന ബോധ്യത്തോടെ അത് അവന്റെ പിന്നാലെ ചെന്നു.

പുതിയനിയമത്തില്‍, യേശു തന്നെ ഒരു ഇടയനുമായി താരതമ്യപ്പെടുത്തിക്കൊണ്ട് തന്റെ ജനമായ ആടുകള്‍ അവന്റെ ശബ്ദം അറിയുന്നതിനാല്‍ അവനെ അനുഗമിക്കുമെന്ന് പ്രസ്താവിക്കുന്നു (യോഹന്നാന്‍ 10:4). എന്നാല്‍ അതേ ആടുകള്‍ അപരിചിതനില്‍ നിന്നോ കള്ളനില്‍നിന്നോ ഓടിപ്പോകും (വാ. 5). ആടുകളെപ്പോലെ, നാം (ദൈവമക്കള്‍) നമ്മുടെ ഇടയനുമായുള്ള നമ്മുടെ ബന്ധത്തിലൂടെ അവന്റെ ശബ്ദം അറിയുന്നു. നാം ചെയ്യുന്നതുപോലെ, നാം അവന്റെ സ്വഭാവം കാണുകയും അവനില്‍ ആശ്രയിക്കാന്‍ പഠിക്കുകയും ചെയ്യുന്നു.

ദൈവത്തെ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്നതില്‍ നാം വളരുമ്പോള്‍, നാം അവന്റെ ശബ്ദം തിരിച്ചറിയുകയും 'മോഷ്ടിക്കുവാനും അറുക്കുവാനും മുടിക്കുവാനും'' വരുന്ന കള്ളനില്‍ നിന്ന് (വാ. 10) - വഞ്ചനയിലൂടെ നമ്മെ അവനില്‍നിന്ന് അകറ്റുവാന്‍ ശ്രമിക്കുന്നവരില്‍ നിന്ന് - ഓടിപ്പോകാന്‍ കൂടുതല്‍ പ്രാപ്തരാകയും ചെയ്യുന്നു. ആ കളള ഉപദേഷ്ടാക്കളില്‍നിന്ന് വ്യത്യസ്തമായി, നമ്മെ സുരക്ഷിതത്വത്തിലേക്കു നയിക്കാനുള്ള ഇടയന്റെ ശബ്ദത്തെ വിശ്വസിക്കാന്‍ നമുക്കു കഴിയും.

വളരെ വലിയ ഒന്ന്

ഇംഗ്ലണ്ടിലെ സതാംപ്ടണിലുള്ള ഒക്ടോബര്‍ ബുക്‌സ് എന്ന പുസ്തകശാലയിലെ സാധനങ്ങള്‍, തെരുവിന്റെ അപ്പുറത്തുള്ള മറ്റൊരു സ്ഥലത്തേക്കു മാറ്റുന്നതിനായി ഇരുനൂറിലധികം സന്നദ്ധപ്രവര്‍ത്തകര്‍ സഹായിച്ചു. സഹായികള്‍ ഫുട്പാത്തില്‍ നിരന്നു നിന്നുകൊണ്ട് ഒരു 'മനുഷ്യ കണ്‍വെയര്‍ ബെല്‍റ്റിലൂടെ'' പുസ്തകങ്ങള്‍ കൈമാറി. സന്നദ്ധപ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച ഒരു സ്‌റ്റോര്‍ ജീവനക്കാരന്‍ പറഞ്ഞു, 'ആളുകള്‍ [സഹായിക്കുന്നത്] കാണുന്നത് ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നു. . . . വലിയ ഒരു കാര്യത്തിന്റെ ഭാഗമാകാന്‍ അവര്‍ ആഗ്രഹിച്ചു.'' 

നമ്മെക്കാള്‍ വലിയ ഒന്നിന്റെ ഭാഗമാകാന്‍ നമുക്കും കഴിയും. തന്റെ സ്‌നേഹത്തിന്റെ സന്ദേശവുമായി ലോകത്തിലേക്കു പോകാന്‍ ദൈവം നമ്മെ ഉപയോഗിക്കുന്നു. ഒരാള്‍ നമ്മളോട് ആ സന്ദേശം പങ്കിട്ടതിനാല്‍, നമുക്കും മറ്റൊരാളിലേക്ക് അതു കൈമാറാന്‍ കഴിയും. പൗലൊസ് ഇതിനെ ഒരു തോട്ടം വളര്‍ത്തുന്നതിനോട് - ദൈവരാജ്യം പണിയുന്നതിനോട് - താരതമ്യപ്പെടുത്തി. നമ്മില്‍ ചിലര്‍ വിത്തുകള്‍ നടുന്നു, നമ്മില്‍ ചിലര്‍ വിത്തുകള്‍ നനയ്ക്കുന്നു. പൗലൊസ് പറഞ്ഞതുപോലെ നാം 'ദൈവത്തിന്റെ കൂട്ടുവേലക്കാരാണ്'' (1 കൊരിന്ത്യര്‍ 3:9).

ഓരോ ജോലിയും പ്രധാനമാണ്, എങ്കിലും എല്ലാം ചെയ്യുന്നത് ദൈവാത്മാവിന്റെ ശക്തിയിലാണ്. ദൈവം തങ്ങളെ സ്‌നേഹിക്കുന്നുവെന്നും അവര്‍ തങ്ങളുടെ പാപങ്ങളില്‍നിന്നു സ്വാതന്ത്ര്യം പ്രാപിക്കുന്നതിനായി അവരുടെ സ്ഥാനത്തു മരിക്കുന്നതിനായി തന്റെ പുത്രനെ അയച്ചതായും  (യോഹന്നാന്‍ 3:16) ആളുകള്‍ കേള്‍ക്കുമ്പോള്‍, അവര്‍ ആത്മീയമായി അഭിവൃദ്ധി പ്രാപിക്കാന്‍ ദൈവം തന്റെ ആത്മാവിനാല്‍ അവരെ പ്രാപ്തരാക്കുന്നു.

നിങ്ങളെയും എന്നെയും പോലുള്ള 'സന്നദ്ധപ്രവര്‍ത്തകരിലൂടെ''യാണു ദൈവം ഭൂമിയില്‍ തന്റെ വേലയില്‍ ഭൂരിഭാഗവും ചെയ്യുന്നത്. നാം ചെയ്യുന്ന ഏതൊരു സംഭാവനയെക്കാളും വളരെ വലുതായ ഒരു സമൂഹത്തിന്റെ ഭാഗമാണു നാമെങ്കിലും, ലോകവുമായി അവിടുത്തെ സ്‌നേഹം പങ്കിടുന്നതിനായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിലൂടെ അതിനെ വളര്‍ത്താന്‍ നമുക്കു കഴിയും.

വിശ്രമിക്കുന്നതിനുള്ള കാരണം

നിങ്ങള്‍ക്ക് കൂടുതല്‍ കാലം ജീവിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍, ഒരു അവധി എടുക്കുക! ഹൃദ്രോഗ സാധ്യതയുള്ള മധ്യവയസ്‌കരായ പുരുഷ എക്‌സിക്യൂട്ടീവുകളെ ഉള്‍പ്പെടുത്തിയുള്ള ഒരു പഠനശേഷം നാല്‍പതു വര്‍ഷം കഴിഞ്ഞ് ഫിന്‍ലന്‍ഡിലെ ഗവേഷകര്‍, അവരുടെ പഠനത്തില്‍ പങ്കെടുത്തവരെ അനുധാവനം ചെയ്തു. അവരുടെ യഥാര്‍ത്ഥ കണ്ടെത്തലുകളില്‍ അവര്‍ അന്വേഷിക്കാതിരുന്ന ചിലത് ശാസ്ത്രജ്ഞര്‍ കണ്ടെത്തി: ഒഴിവുസമയം കണ്ടെത്തുന്നവരില്‍ മരണനിരക്കു കുറവായിരുന്നു.

ജോലി ജീവിതത്തിന്റെ അനിവാര്യ ഭാഗമാണ് - ഉല്പത്തി 3 ല്‍ ദൈവവുമായുള്ള നമ്മുടെ ബന്ധം താറുമാറാകുന്നതിനു മുമ്പുതന്നെ ദൈവം നമുക്കായി നിയോഗിച്ച ഒരു ഭാഗമായിരുന്നു അത്. ദൈവത്തിന്റെ മഹത്വത്തിനായി പ്രവര്‍ത്തിക്കാത്തവര്‍ അനുഭവിക്കുന്ന ജോലിയുടെ അര്‍ത്ഥശൂന്യതയെക്കുറിച്ചു ശലോമോന്‍ എഴുതിയത്, അത് 'ദുഃഖകരവും ... വ്യസനകരവും'' 'ഹൃദയത്തിനു സ്വസ്ഥതയില്ലാത്തതും'' എന്നേ്രത (സഭാപ്രസംഗി 2:22-23). അവര്‍ സജീവമായി പ്രവര്‍ത്തിക്കാത്തപ്പോഴും, അവരുടെ 'ഹൃദയത്തിനു സ്വസ്ഥതയില്ല'' എന്ന് അവന്‍ പറയുന്നു, കാരണം ഇനിയും ചെയ്യേണ്ടുന്ന കാര്യങ്ങളെക്കുറിച്ചാണ് അവര്‍ ചിന്തിക്കുന്നത് (വാ. 23).

നമുക്കും ചിലപ്പോഴൊക്കെ നമ്മുടെ അധ്വാനം  'വൃഥാ പ്രയത്‌നം'' (വാം 17) ആണെന്ന് തോന്നിയേക്കാം, ഒപ്പം നമ്മുടെ ജോലി 'പൂര്‍ത്തിയാക്കാന്‍'' കഴിയാത്തതില്‍ നിരാശരാകുകയും ചെയ്‌തേക്കാം. എന്നാല്‍ ദൈവം നമ്മുടെ അധ്വാനത്തിന്റെ - നമ്മുടെ ഉദ്ദേശ്യത്തിന്റെ - ഭാഗമാണെന്ന് ഓര്‍മ്മിക്കുമ്പോള്‍ നമുക്ക് കഠിനാധ്വാനം ചെയ്യുവാനും വിശ്രമത്തിനു സമയമെടുക്കാനും കഴിയും. നമ്മുടെ ദാതാവായി നമുക്ക് ദൈവത്തെ വിശ്വസിക്കാം. കാരണം, അവിടുന്ന് സകലതും നല്‍കുന്നവനാണ്. 'അവന്‍ നല്കിയിട്ടല്ലാതെ ആര്‍ ഭക്ഷിക്കും ആര്‍ അനുഭവിക്കും?'' എന്ന് ശലോമോന്‍ അംഗീകരിക്കുന്നു (വാ. 25). ഒരുപക്ഷേ, ആ സത്യത്തെക്കുറിച്ച് നമ്മെത്തന്നെ ഓര്‍മ്മിപ്പിക്കുന്നതിലൂടെ, നമുക്ക് അവനുവേണ്ടി ഉത്സാഹത്തോടെ പ്രവര്‍ത്തിക്കാനും (കൊലൊസ്യര്‍ 3:23) നമുക്കു തന്നേ വിശ്രമ സമയങ്ങള്‍ അനുവദിക്കാനും കഴിയും. 

തേനിനെക്കാള്‍ മധുരമുള്ളത്

1893 ഒക്ടോബറിലെ ചിക്കാഗോ ദിനത്തില്‍, എല്ലാവരും ലോകമേളയില്‍ പങ്കെടുക്കുവാന്‍ പോകുമെന്നു കരുതി നഗരത്തിലെ തിയറ്ററുകള്‍ അടച്ചിട്ടു. ഏഴു ലക്ഷത്തിലധികം ആളുകള്‍ പോയി, പക്ഷേ ഡൈ്വറ്റ് മൂഡി (1837-1899) ചിക്കാഗോയുടെ മറുവശത്തുള്ള ഒരു സംഗീത ഹാള്‍ പ്രസംഗവും പഠിപ്പിക്കലും കൊണ്ടു സജീവമാക്കാന്‍ ആഗ്രഹിച്ചു. മേളയുടെ അതേ ദിവസം തന്നെ മൂഡിക്ക് ഒരു ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്ത് ആര്‍.എ. റ്റോറിക്ക് (1856-1928) സംശയമായിരുന്നു. എന്നാല്‍ ദൈവകൃപയാല്‍ അദ്ദേഹം അതു ചെയ്തു. റ്റോറി പിന്നീട് പറഞ്ഞതുപോലെ, 'ഈ പഴയ ലോകം അറിയാന്‍ ആഗ്രഹിക്കുന്ന ഒരു പുസ്തകത്തെ - ബൈബിള്‍'' മൂഡിക്ക് അറിയാമായിരുന്നതിനാല്‍ ജനക്കൂട്ടം വന്നു. മൂഡിയെപ്പോലെ മറ്റുള്ളവരും ബൈബിളിനെ സ്‌നേഹിക്കണമെന്നും അര്‍പ്പണബോധത്തോടെയും അഭിനിവേശത്തോടെയും പതിവായി അതു വായിക്കണമെന്നും റ്റോറി ആഗ്രഹിച്ചു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ചിക്കാഗോയില്‍, ദൈവം തന്റെ ആത്മാവിലൂടെ ആളുകളെ തന്നിലേക്കു മടക്കിക്കൊണ്ടുവന്നു. മാത്രമല്ല അവിടുന്ന് ഇന്നും സംസാരിക്കുന്നു. ദൈവത്തോടും തിരുവെഴുത്തുകളോടുമുള്ള സങ്കീര്‍ത്തനക്കാരന്റെ സ്‌നേഹത്തെ പ്രതിധ്വനിപ്പിക്കാന്‍ നമുക്കു കഴിയും, 'തിരുവചനം എന്റെ അണ്ണാക്കിന് എത്ര മധുരം! അവ എന്റെ വായ്ക്കു തേനിലും നല്ലത്!'' (സങ്കീര്‍ത്തനം 119:103). സങ്കീര്‍ത്തനക്കാരനെ സംബന്ധിച്ചിടത്തോളം, ദൈവത്തിന്റെ കൃപയുടെയും സത്യത്തിന്റെയും വചനങ്ങള്‍ അവന്റെ പാതയ്ക്ക് ഒരു പ്രകാശമായും അവന്റെ കാലുകള്‍ക്ക് ഒരു ദീപമായും പ്രവര്‍ത്തിച്ചു (വാ. 105).  

രക്ഷകനോടും അവന്റെ സന്ദേശത്തോടുമുള്ള സ്‌നേഹത്തില്‍ നിങ്ങള്‍ക്ക് എങ്ങനെ കൂടുതല്‍ വളരാന്‍ കഴിയും? നാം തിരുവെഴുത്തില്‍ മുഴുകുമ്പോള്‍, ദൈവത്തോടുള്ള നമ്മുടെ ഭക്തിയെ അവിടുന്ന് വര്‍ദ്ധിപ്പിക്കുകയും നാം നടക്കുന്ന പാതകളില്‍ അവന്റെ വെളിച്ചം പ്രകാശിപ്പിച്ചുകൊണ്ടു നമ്മെ നയിക്കുകയും ചെയ്യും.